ഇന്നലെ കോഴിക്കോട്ടെ റാവീസ് കടവ് റിസോർട്ടിൽ ബഹുമാനപ്പെട്ട പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങളുടെ ക്ഷണപ്രകാരം “സ്നേഹ സദസ്സി ” ൽ പങ്കെടുക്കാൻ ഇടയായി.ജീവിതത്തിലെ തികച്ചും വേറിട്ട ഒരനുഭവമാണ് അവിടെ ചെലവഴിച്ച നിമിഷങ്ങൾ സമ്മാനിച്ചത്.
കേരളത്തിലെ 14 ജില്ലകളിലും മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും കൊടിക്കൂറയുയർത്തി ജൈത്രയാത്ര നടത്തിയ തങ്ങൾ ഇന്ത്യയിലെ നിരവധി പട്ടണങ്ങളിലും (ഡൽഹി, ബാംഗ്ലൂർ, മുംബൈ, ചെന്നൈ etc)ദുബായിലും നടത്തിയ തുടർ യാത്രകളുടെ ചിത്രങ്ങളും അനുഭവങ്ങളും പുസ്തക രൂപത്തിലാക്കിയതിന്റെ പ്രകാശനം കൂടി ചടങ്ങിൽ നടന്നു.
മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി ശ്രീ.കുഞ്ഞാലിക്കുട്ടി സാഹിബ് ഒരു സാദാ വളണ്ടിയറെപ്പോലെ ഓടി നടന്ന് ഈ സദസ്സിനെ വൻ വിജയമാക്കുന്നതിന് സാക്ഷിയാവാൻ കഴിഞ്ഞു.
ജീവിതത്തിന്റെ നാനാതുറകളിലേയും പ്രമുഖ വ്യക്തിത്വങ്ങൾ ( വിവിധ മതത്തിന്റെ ആത്മീയാചര്യന്മാർ, കലാരംഗത്തെ പ്രമുഖർ, പത്മശ്രീ അവാർഡ് ജേതാവ്, രാഷ്ട്രീയ-സാമൂഹ്യ മേഖലയിലെ വ്യക്തിത്വങ്ങൾ ) പങ്കെടുത്ത ഈ സ്നേഹ സദസ്സ് സമൂഹത്തിന് നൽകുന്നത് മത സൗഹാർദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശമാണ്. തലമുറകൾക്ക് മാതൃകയാക്കേണ്ട, മാനവികതയുടെ ഉദാത്ത മാതൃക.തെലുങ്കാന മുഖ്യമന്ത്രി ശ്രീ.രേവന്ത റെഡ്ഢിയാണ് സ്നേഹ സദസ്സ് ഉദ്ഘാടനം ചെയ്തത്. വർഗ്ഗീയ ശക്തികളെ അകറ്റി നിർത്താൻ ജാഗ്രത പുലർത്തുന്ന കേരള ജനതയോട് അസൂയ തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.കേരളം കൈക്കൊള്ളുന്ന ഈ ജാഗ്രത രാജ്യം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സ്നേഹസംഗമങ്ങളിലൂടെ സമൂഹത്തിൽ ഐക്യം നിലനിർത്താൻ മുസ്ലീം ലീഗ് കൈകൊള്ളുന്ന നിലപാടിനെ അഭിനന്ദിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇതൊരു മാതൃകയും സന്ദേശവുമായി തീരട്ടെ എന്ന് ആഗ്രഹിക്കുന്നു.