Home / Blog / KPA കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം – MAY 06 2023

KPA കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം – MAY 06 2023

കേരളാ പ്രവാസി അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

കോഴിക്കോട്: (06-5-2023) പ്രവാസികൾ നേതൃത്വം കൊടുക്കുന്ന സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ കെപിഎയുടെ കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കെപിഎ ദേശീയ ചെയർമാൻ ശ്രീ. രാജേന്ദ്രൻ വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് ശ്രീമതി. അശ്വനി നമ്പാറമ്പത്ത്, ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ജെറി രാജു മറ്റു ദേശീയ കൗൺസിൽ നേതാക്കളും ജില്ലയിലെ വിവിധ കമ്മിറ്റകളിൽ നിന്നെത്തിയ 520 ഓളം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ജനങ്ങളുടെ ദൈനദിന ജീവിതവുമായി ബന്ധപ്പെട്ട മുപ്പത്തിയാറു മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തിക്കൊണ്ട് സ്വയം പര്യാപ്തമായ ഒരു കേരളം സൃഷ്ടിക്കുക എന്നുള്ളതാണ് KPA മുന്നോട്ടു വെയ്ക്കുന്നത്.

പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ നിന്നും വ്യത്യസ്തമായി സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിലാണ് കെപിഎ രൂപീകൃതമായത്. കെപിഎയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച് ഒരു വർഷം തികയുകയാണ്. കേരളത്തിലെ മാറുന്ന രാഷ്ട്രീയ മുന്നണി സമവാക്യങ്ങളിൽ പ്രവാസികളുടെ നിർണ്ണായക ഇടപെടൽ കൂടിയാണ് ഈ രാഷ്ട്രീയ പാർട്ടിയിലൂടെ KPA ലക്ഷ്യമിടുന്നത്.

സമസ്ത മേഖലകളിലും സമഗ്രമായ മാറ്റമാണ് ലക്ഷ്യം. നയരൂപീകരണങ്ങളുടെ ഭാഗമായി പ്രതിനിധി സമ്മേളനങ്ങൾ ജില്ലാതലത്തിൽ മൂന്നു മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും. 2024 ആഗസ്റ്റിൽ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാവും. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പഠനം നടത്തി വികസന മാതൃകകൾ രൂപീകരിച്ചുകൊണ്ട് മാറ്റങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന പാർട്ടിയിൽ 18 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരത്വമുള്ള ഏത് ഒരു വ്യക്തിക്കും അംഗമാകാം.

വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ പൊതുപ്രവർത്തകർക്ക് KPA യിൽ ചേർന്നു പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതിനോടൊപ്പം ജനാധിപത്യ പ്രക്രിയയിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

മറ്റുള്ള ജനാധിപത്യ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് വോട്ടവകാശം രേഖപ്പെടുത്താൻ സൗകര്യം ഒരുക്കുന്നത് പോലെ 18 ദശലക്ഷം വരുന്ന പ്രവാസികൾക്ക് അവർ നിൽക്കുന്ന സ്ഥലത്ത് നിന്നുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ രേഖപ്പെടുത്താനുള്ള അവകാശം നേടിയെടുക്കാൻ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിൽ റിട്ട് ഫയൽ ചെയ്തു കൊണ്ടാണ് കെപിഎയുടെ രംഗപ്രവേശം. പ്രവാസി വോട്ടവകാശം ഇന്നേവരെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കെപിഎ ഈ ആവശ്യവുമായി മുന്നോട്ടുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

കെപിഎ ട്രസ്റ്റ്‌ന് രൂപം നൽകി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളിൽ ആദ്യ പരിഗണന നൽകിക്കൊണ്ട് 1000 ഭവന പദ്ധതിയുമായി മുൻപോട്ടു പോകുന്ന അവസരത്തിൽ 3 വീടുകൾ കോഴിക്കോട് ജില്ലയിൽ പൂർത്തീകരിച്ചു. കഴിഞ്ഞ ഡിസംബറിൽ താക്കോൽ ദാനം നടത്തിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വളർന്നുവരുന്ന യുവതലമുറക്ക് അടക്കം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി, പ്രവാസി ജോബ്സ്ന് രൂപം നൽകുകയും പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതലമുറയ്ക്ക് പ്രതീക്ഷകൾ നൽകുന്ന പദ്ധതിയാണിത്.

പുതിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു. ശ്രീ അമൽജിത് ജില്ലാ പ്രസിഡന്റായും, ശ്രീ മൻസൂർ മണ്ണിൽ ജില്ലാ സിക്രട്ടറിയായും, ശ്രീ വേണു വെട്ടുമ്മൽ ട്രഷറാറായുമുള്ള ഇരുപതിനാലംഗ കമ്മറ്റിയെ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു.