Home / Blog / KPA യുടെ ആദ്യ ജില്ലാ സമ്മേളനം – കണ്ണൂർ

KPA യുടെ ആദ്യ ജില്ലാ സമ്മേളനം – കണ്ണൂർ

കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് കണ്ണൂരിൽ തുടക്കം: കണ്ണൂർ ജില്ലയിലെ ജനങ്ങളെ രാഷ്ട്രീയ കൊലപാതകികൾ എന്നു മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന രീതിയിൽ കടുത്ത അമർഷം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയമുൾപ്പെടെ, ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു.

കണ്ണൂർ: (30-4-2023) സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ കെപിഎയുടെ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ കെപിഎ ദേശീയ ചെയർമാൻ ശ്രീ. രാജേന്ദ്രൻ വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് ശ്രീമതി. അശ്വനി നമ്പാറമ്പത്ത്, ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ജെറി രാജു മറ്റു ദേശീയ കൗൺസിൽ നേതാക്കളും കണ്ണൂർ ജില്ലയിലെ വിവിധ കമ്മിറ്റകളിൽ നിന്നെത്തിയ 470 ഓളം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജനങ്ങളുടെ ദൈനദിന ജീവിതവുമായി ബന്ധപ്പെട്ട മുപ്പത്തിയാറു മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തിക്കൊണ്ട് സ്വയം പര്യാപ്തമായ ഒരു കേരളം സൃഷ്ടിക്കുക എന്നുള്ളതാണ് KPA മുന്നോട്ടു വെയ്ക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിച്ചിട്ടും കണ്ണൂർ ജില്ല കൊലപാതകികളുടെ നാടാണെന്ന് വിശേഷിപ്പിക്കാൻ ഗൂഢശ്രമം നടക്കുന്നതായി കെപിഎ (കേരള പ്രവാസി അസോസിയേഷൻ) ആരോപിച്ചു. ഒറ്റപ്പെട്ട അക്രമങ്ങൾ പെരുപ്പിച്ച് കാണിച്ച് കണ്ണൂരിനെ നശീകരണത്തിന്റെ നാടായി ചിത്രീകരിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട്. കണ്ണൂരിന്റെ വികസനത്തിന് വെല്ലുവിളിയായി മാറുന്ന ഈ ദുഷ്പ്പേര് തിരുത്താൻ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കാത്തതിൽ കെപിഎ കണ്ണൂർ ജില്ലാ സമ്മേളനം പ്രതിഷേധിച്ചു. കണ്ണൂരിൽ നിന്നും കൂടുതൽ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ വിമാന കമ്പനികൾ വിദേശത്തേക്ക് കണ്ണൂരിൽ നിന്നും 68 സർവീസുകൾ നടത്തുന്നുണ്ട്. പക്ഷേ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള അനുമതി കേന്ദ്രം നൽകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയം നിഷേധാത്മക നിലപാട് തിരുത്തി വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെപിഎ പ്രമേയം പാസാക്കി.

പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ നിന്നും വ്യത്യസ്തമായി സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിലാണ് കെപിഎ രൂപീകൃതമായത്. കെപിഎയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച് ഒരു വർഷം തികയുകയാണ്. കേരളത്തിലെ മാറുന്ന രാഷ്ട്രീയ മുന്നണി സമവാക്യങ്ങളിൽ പ്രവാസികളുടെ നിർണ്ണായക ഇടപെടൽ കൂടിയാണ് ഈ രാഷ്ട്രീയ പാർട്ടിയിലൂടെ KPA ലക്ഷ്യമിടുന്നത്.

പ്രഥമ ജില്ലാ പ്രതിനിധി സമ്മേളനം ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ നാടായിട്ടുപോലും കണ്ണൂരിന്റെ ആവശ്യങ്ങൾ ഇതുവരെ ഇവർ ആരും പരിഗണിച്ചിട്ടില്ലെന്ന് രാജേന്ദ്രൻ വെള്ളപ്പാലത്ത് ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ ടൂറിസം സാധ്യതയുള്ള ജില്ല കൂടിയാണ് കണ്ണൂർ. നാല് കിലോമീറ്റർ മണലിൽ പരന്നുകിടക്കുന്ന കേരളത്തിലെ ഏക ഡ്രൈവ്-ഇൻ ബീച്ചായ കണ്ണൂരിലെ മുഴപ്പിലങ്ങാട് ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡ്രൈവ്-ഇൻ ബീച്ചുകളിൽ ഒന്നായി ബിബിസി 2016 ഇൽ തിരഞ്ഞെടുത്തിരുന്നു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെടുകയാണ്. കണ്ണൂർ ജില്ലയോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും രാജേന്ദ്രൻ വെള്ളപ്പാലത്ത് ആവശ്യപ്പെട്ടു.

സമസ്ത മേഖലകളിലും സമഗ്രമായ മാറ്റമാണ് ലക്ഷ്യം. നയരൂപീകരണങ്ങളുടെ ഭാഗമായി പ്രതിനിധി സമ്മേളനങ്ങൾ ജില്ലാതലത്തിൽ മൂന്നു മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും. 2023 ആഗസ്റ്റിൽ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാവും. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പഠനം നടത്തി വികസന മാതൃകകൾ രൂപീകരിച്ചുകൊണ്ട് മാറ്റങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന പാർട്ടിയിൽ 18 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരത്വമുള്ള ഏത് ഒരു വ്യക്തിക്കും അംഗമാകാം.

കെപിഎ ട്രസ്റ്റ്‌ന് രൂപം നൽകി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളിൽ ആദ്യ പരിഗണന നൽകിക്കൊണ്ട് 1000 ഭവന പദ്ധതിയുമായി മുൻപോട്ടു പോകുന്ന അവസരത്തിൽ 3 വീടുകൾ കോഴിക്കോട് ജില്ലയിൽ പൂർത്തീകരിച്ചു. കഴിഞ്ഞ ഡിസംബറിൽ താക്കോൽ ദാനം നടത്തിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്. KPA ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് KPA ദേശീയ പ്രസിഡണ്ട് ശ്രീമതി അശ്വനി നമ്പാറമ്പത് പ്രധിനിധി സമ്മേളനത്തിൽ വിശദീകരിച്ചു.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വളർന്നുവരുന്ന യുവതലമുറക്ക് അടക്കം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി, പ്രവാസി ജോബ്സ്ന് രൂപം നൽകുകയും പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതലമുറയ്ക്ക് പ്രതീക്ഷകൾ നൽകുന്ന പദ്ധതിയാണിത്.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ജെറി രാജു സംഘടന റിപ്പോർട്ടും ദേശീയ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് അനുബന്ധ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബീന സുനിൽ, രൂപേഷ് പുല്ലാഞ്ഞിയോടൻ, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ഇക്ബാൽ (പ്രസിഡണ്ട്‌), അശോക് കുമാർ (വൈ.പ്രസിഡണ്ട്), രൂപേഷ് പുല്ലഞ്ഞിയോടൻ (സെക്രട്ടറി), മുഹമ്മദ് ആഷിഖ് (ജോ. സിക്രട്ടറി), മനോജ് കുമാർ (ട്രഷറർ), ആബിദ ഫക്രുദീൻ (ജോ. ട്രഷറർ) എന്നിങ്ങനെ 19 അംഗ കമ്മറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.