Home / Blog / ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് പ്രഖ്യാപിച്ച് കെപിഎ

ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് പ്രഖ്യാപിച്ച് കെപിഎ

ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് പ്രഖ്യാപിച്ച് കെപിഎ


കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ പ്രവര്‍ത്തനമാരംഭിച്ച കേരളാ പ്രവാസി അസോസിയേഷന്‍ കേരളത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണ നല്‍കും. കോഴിക്കോട് മലബാർ പാലസിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്താണ് പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തികൊണ്ടുതന്നെ മുന്നണി രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിയുന്ന പ്രസ്ഥാനമാണിത്. രാഷ്ട്രം ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ നിലപാടുകൾ പരസ്യമായി പ്രഖ്യാപിച്ച് മുന്നോട്ടു പോവുക എന്നതാണ് ഒരു ജനകീയ രാഷ്ട്രീയ കക്ഷിയുടെ ചുമതലയെന്നു രാജേന്ദ്രൻ വെള്ളപ്പാലത്ത് വ്യക്തമാക്കി.

വർത്തമാനകാല രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കാവുന്ന പ്രഖ്യാപനമാണ് KPA നടത്തുന്നത്‌. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിച്ചു കൊണ്ടേ രാഷ്ട്രത്തിനു നിലനിൽപ്പുള്ളു. കേരള രാഷ്ട്രീയത്തിൽ ധ്രുവീകരണം വളർത്തി വോട്ടു രാഷ്ട്രീയം പരിപോഷിപ്പിക്കുന്ന നിലപാടിനോട് KPA യ്ക്ക് സന്ധി ചെയ്യാനാവില്ല. UDF സ്ഥാനാർത്ഥികൾക്ക് നിരുപാധിക പിന്തുണ നൽകാൻ KPA തീരുമാനിക്കുന്നത് ഇന്നത്തെ രാഷ്ടീയ പശ്ചാത്തലത്തെ വിലയിരുത്തിയ ശേഷമാണ്. പ്രവാസി സമൂഹത്തെയും കേരളീയ ജനതയെയും വികസനത്തിലേക്ക് നയിക്കാൻ രൂപം കൊണ്ട KPA ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും.

ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ടു ചെയ്യണം, ഏതു മുന്നണിയോട് ആഭിമുഖ്യം പുലർത്തണം എന്നിങ്ങനെയുള്ള സംശയങ്ങളും ചർച്ചകളും സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടാണ് ഈ തീരുമാനത്തിൽ എത്തുന്നത്.നിലവിലുള്ള ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ചേർന്ന് ”ഇന്ത്യാ മുന്നണി “രൂപീകരിച്ചത് ഫാസിസത്തിലേക്ക് രാഷ്ട്രം എത്തിപ്പെടാതിരിക്കാൻ കൂടിയാണ്.കേരളത്തിൽ UDF നെ എതിർക്കുന്ന CPM ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഇന്ത്യയിൽ പലയിടത്തും ഇന്ത്യാ മുന്നണിയുടെ ഭാഗമായി കോൺഗ്രസ്സിനു വോട്ട് ചെയ്യുന്നത് നമുക്കറിയാം.

തൊട്ടടുത്ത സംസ്ഥാനമായ കർണാടക, CPM മൂന്നു പതിറ്റാണ്ടിലേറെ തുടർ ഭരണത്തിലേറിയ പശ്ചിമ ബംഗാൾ… ഇവിടെയൊക്കെ കോൺഗ്രസ്സിന്റെയും CPM ന്റെയും കൊടികൾ കൂട്ടി കെട്ടിയാണ് തെരഞ്ഞെടുപ്പു പ്രചരണം. വേദികളിൽ നേതാക്കന്മാരും ജാഥകളിൽ അണികളും ഒരേ രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നു.