ശരിക്കും അർഹത 50% നാണ്. പക്ഷേ 33% എങ്കിലും? പുരുഷാധിപത്യ സമൂഹത്തിനോടാണ് ഇനിയും ഫ്രീസറിൽ കിടക്കുന്ന ഒരു ബില്ലിനെക്കുറിച്ച് KPA ചോദിക്കുന്നത്. കേട്ടും പറഞ്ഞും നിരന്തരം ചർച്ച ചെയ്ത വിഷയം തന്നെ! അതെ ! നിയമനിർമ്മാണ സഭകളിലേക്ക് ( പാർലമെൻറിലേക്കും സംസ്ഥാന നിയമസഭകളിലേക്കും) വനിതാ പ്രാതിനിധ്യത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.
27 വർഷത്തോളമായി ഈ വിഷയം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട്. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷാഘോഷത്തിൽ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമായി ഈ പ്രധാന വിഷയം അവശേഷിക്കുന്നു. ഉത്തരം പറയാൻ പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് ബാധ്യതയില്ലെ?
ഒന്നാം UPA സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ 156 നെതിരെ ഒരു വോട്ടേ എതിരായി വീണുള്ളു. ലോകസഭ പാസ്സാക്കാതിനാൽ ഈ ബിൽ അസാധുവായി എന്ന് നോന്നുന്നു! ഞങ്ങൾ സംശയിക്കുന്നു, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ..
ദേവഗൗഡ പ്രധാനമന്ത്രി പദത്തിലിരുന്നപ്പോൾ 1996 സപ്തംബർ 12 നാണ് ലോകസഭയിൽ ഈ ബിൽ അവതരിച്ചത്. 1998, 1999, 2001, 2002…. എത്ര വട്ടം ചർച്ച നീണ്ടു?
ഇന്നത്തെ കേന്ദ്ര ഭരണകക്ഷികൾ രണ്ടു തവണയും പ്രകടന പത്രികയിൽ ഈ വിഷയം ഉൾപ്പെടുത്തി ജനസംഖ്യയിൽ പാതി വരുന്ന സ്ത്രീ ജനങ്ങളെ വഞ്ചിച്ചു. അധികാരത്തിലെത്തിയാൽ നൂറു ദിവസം തികയും മുമ്പ് ഇത് നിയമമാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞത് മറന്നതെന്ത്? ” രാഷ്ട്രീയ പാർട്ടികളുടെ സമവായത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്ന ” തൊടുന്യായവുമായി കൈ കഴുകി മാറി നിൽക്കുന്നു അവർ ! കാർഷിക ബില്ലും പൗരത്വ ഭേദഗതി ബില്ലും വന്നപ്പോൾ ഈ ന്യായം മറന്നു പോയോ?
അർദ്ധരാത്രി പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു കൂട്ടി GST ബിൽ പാസ്സാക്കാൻ ഒരു പ്രയാസവുമുണ്ടായില്ലല്ലൊ. നിയമനിർമ്മാണ സഭകളിലേക്ക് സ്ത്രീ പ്രാതിനിധ്യം അവർ അർഹിക്കുന്ന അളവിൽ കിട്ടിയേ തീരൂ. ഇത് ഒരു ഔദാര്യമല്ല, അവകാശമാണ്. പ്രതിപക്ഷ പാർട്ടികളിൽ ഭൂരിപക്ഷവും ഇക്കാര്യത്തിൽ കേന്ദ്ര ഭരണകക്ഷികളുടെ കൂടെ നിൽക്കില്ലെ? ഭരണഘടനാ ഭേദഗതിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നിഷ്പ്രയാസമല്ലെ ?
ഭരണനിർവ്വഹണം പരിചയത്തിലൂടെ ആർജ്ജിച്ചെടുക്കാമെന്നിരിക്കെ, സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണേണ്ടതുണ്ടോ? ആരും ഭരണാധികാരികളായി ജനിക്കുന്നില്ല.. സ്ത്രീകൾക്കും അവർ അർഹിക്കുന്ന അധികാരം കൈമാറൂ….
വനിതകൾക്ക് നിയമനിർമ്മാണ സഭകളിലേക്ക് 33% സംവരണം ഉറപ്പുവരുത്തുന്ന നിയമം ഒരു തുടക്കം മാത്രമാവണം. ലക്ഷ്യം 50 % തന്നെ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യ ലോകത്തിന് മാതൃകയാവട്ടെ.