കേരളാ പ്രവാസി അസോസിയേഷൻ 1000 വീടുകൾ നിർമിച്ചു നൽകുന്ന കർമ പദ്ധതിയിൽ ആദ്യ വീടിന്റെ തറക്കല്ലിടൽ കർമം ദേശീയ കൗൺസിൽ പ്രസിഡന്റ് ശ്രീമതി.അശ്വനി നമ്പാറമ്പത്ത് നിർവഹിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ കയറി കിടക്കാനുള്ള ഇടമെന്ന നിലയിലുള്ള വീടുകൾ അല്ല, അർഹരായ എല്ലാ ഭവനരഹിതർക്കും സ്വന്തമായി അടച്ചുറപ്പുള്ള സുരക്ഷിതമായ വീടുകൾ പൂർത്തിയാക്കി നൽകുക, സമൂഹത്തിൽ സ്വാഭിമാനത്തോടെ നിലനിൽക്കാനും പ്രവർത്തിക്കുവാനുമുള്ള സാഹചര്യം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് KPA “പാർപ്പിട സുരക്ഷാ”എന്ന പദ്ധതിയ്ക്കു തുടക്കം കുറിക്കുന്നത്. ഒരുപാട് അഭിമാനത്തോടെ, അതിലുപരി ആത്മസംതൃപ്തിയോടെയാണ് ഇന്ന് ഈ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീടിനു തറക്കല്ലിട്ടതു. വാടകവീട്ടിൽ താമസിക്കുന്ന ജയൻ-ഷീന ദമ്പതികൾക്കാണ് മാവൂർ പള്ളിയോളിൽ വീട് നിർമിച്ചു നൽകുന്നതു . ഇതൊരു തുടക്കമാണ്… സ്വന്തം വീടെന്ന സ്വപ്നത്തിൻറെ ആദ്യപടിയിൽ എത്തിയപ്പോൾ ആ പ്രിയപെട്ടവരുടെ മുഖത്തെ സന്തോഷവും ആനന്ദാശ്രുക്കളും ആണ് മുൻപോട്ടു പോകുവാനും ഇനിയും ഒരുപാട് ആളുകൾക്കു ആത്മവിശ്വാസം പകരാനുമുള്ള ഊർജം തരുന്നതു.
സ്വന്തമായി ഭൂമി ഉണ്ടെങ്കിലും അടച്ചുറപ്പുള്ള ഒരു ഭവനം എന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയാത്ത കുടുംബങ്ങൾക്കു അവരുടെ സ്വപ്ന ഭവനങ്ങൾ യാഥാർത്ഥ്യമാക്കുകയെന്നതാണ് ഒന്നാം ഘട്ടമായി KPA യുടെ ദൗത്യം. വരും ഘട്ടങ്ങളിൽ ഭൂമിയില്ലാത്ത ഭവനരഹിതർ, ഭവനനിർമ്മാണം പൂർത്തിയാക്കാത്തവർ / വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവർ, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്ക്കാലിക ഭവനമുള്ളവർ, തുടർച്ചയായ പ്രകൃതിദുരന്തങ്ങളിൽ വീട് നഷ്ടപ്പെട്ടവർ എന്നിവരെയാണു
ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി ഉൾപെടുത്തുക.
സംസ്ഥാന ആസൂത്രണ ബോർഡിൻറെ കണക്കു പ്രകാരം കേരളത്തിൽ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട്. ഇതിൽ തന്നെ 1.58 ലക്ഷം പേര് ഭൂരഹിതരാണു. മാറി മാറി വന്ന സർക്കാരുകൾ സമ്പൂർണ്ണ ഭവനപദ്ധതികൾ പലതു ആവിഷ്കരിച്ചിട്ടും ലക്ഷ്യം എന്തുകൊണ്ട് അകന്നുപോയി എന്നതു ഗൗരവമായ ഒരു ചോദ്യമാണ്? പ്രഖ്യാപിക്കുന്ന പദ്ധതികൾ യാഥാര്ഥ്യമാക്കുവാനുള്ള കാഴ്ചപ്പാടും ഇച്ഛാശക്തിയും ഭരണാധികാരികൾക്കുണ്ടെങ്കിൽ ഏതു പ്രതിബന്ധത്തെയും തരണം ചെയ്യാനാകും. അതില്ലാതെ പോയി എന്നതും ഓരോ തിരഞ്ഞെടുപ്പിനു മുൻപും കുറച്ചു പ്രഖ്യാപനങ്ങൾക്കു വേണ്ടി ബാക്കി നിർത്തുവാൻ കുറെ ആളുകൾ വേണം എന്ന രാഷ്ട്രീയ തന്ത്രം ആണ് പ്രഖ്യാപിച്ച ഈ പദ്ധതികളെ എങ്ങും എത്തിക്കാതെ ഇങ്ങനെ നിർത്തുന്നതു.
അർഹതപ്പെട്ട ഓരോരുത്തർക്കും വീട്’ എന്ന മഹാ ദൗത്യം സാക്ഷാൽക്കരിക്കുന്നതിനുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കേരളത്തിലെ ഓരോ പഞ്ചായത്തിലും വാർഡ് തലം മുതൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തി കുറ്റമറ്റ അന്തിമപട്ടിക രൂപപ്പെടുത്തുക എന്നതു KPA വാർഡ് / പഞ്ചായത്ത് / ജില്ലാ കമ്മിറ്റികളുടെ ഉത്തരവാദിത്തമാണ്.
പ്രവാസികളുടെ അനുഭവങ്ങളും പ്രവർത്തിപരിചയവും മുൻനിർത്തി കൃഷി, ഐടി, പരിസ്ഥിതി സംരക്ഷണം, വ്യാവസായിക വികസനം, ഉൽപ്പാദന മേഖലകൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 36 മേഖലകളിലായി ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പാർട്ടിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഭവന പദ്ധതി.സമൂഹത്തിൻറെ ഏറ്റവും അടിത്തട്ടിലുള്ള ഒരുപറ്റം മനുഷ്യർക്കു വീട് എന്ന സ്വപ്നത്തോടൊപ്പം സ്വന്തം ജീവിതവും കരുപ്പിടിപ്പിക്കാനും, കേവലം വീട് എന്നതിനപ്പുറം ഗുണഭോക്താക്കൾക്ക് സ്ഥായിയായ ഒരു ജീവനോപാധി കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി KPA മുൻപോട്ടു വയ്ക്കുന്നു